സ്മാര്‍ട് ഫോണ്‍ കണക്ടിവിറ്റി, കോള്‍ എസ്എംഎസ് അലേര്‍ട്ട്; സ്മാര്‍ട് ഇലക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ്

സാധാരണ ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്നു വ്യത്യസ്തനാണ് ഐ ക്യൂബ്. പ്രധാന കാരണം വലുപ്പം തന്നെയാണ്. പെട്രോള്‍ സ്‌കൂട്ടറിന്റെ വലുപ്പവും ഡിസൈനുമാണ് ഐ ക്യൂബിന്റേത്. ഒറ്റക്കാഴ്ചയില്‍ ഇതൊരു ഇലക്ട്രിക് സ്‌കൂട്ടറാണെന്നു പറയില്ല. ഫൈബര്‍ ബോഡിയാണ്. നിര്‍മാണ നിലവാരത്തില്‍ ഐക്യൂബിനോടു താരതമ്യം ചെയ്യാന്‍ ഇസ്‌കൂട്ടര്‍ നിരയില്‍ മറ്റു മോഡലുകളില്ല. അത്ര ക്വാളിറ്റിയാണ് ഒരോ ഘടകങ്ങളിലും കാണാനാകുക. സ്വിച്ചുകളും ലിവറുകളും ഗ്രാബ് റെയിലും സീറ്റും എന്നുവേണ്ട പ്ലാസ്റ്റിക് ഘടകങ്ങളില്‍ വരെ വിദേശ മോഡലുകളുടെ നിലവാരമാണുള്ളത്. ഫിറ്റ് ആന്‍ഡ് ഫിനിഷ് അതികേമം. എല്‍ഇഡിയാണ് ലൈറ്റുകളെല്ലാം. രണ്ടു പേര്‍ക്കിരിക്കാവുന്ന വലിയ സീറ്റിനടിയില്‍ സാമാന്യം ഭേദപ്പെട്ട സ്റ്റോറേജ് ഇടമുണ്ട്.

സ്മാര്‍ട് കണക്ട്

സ്മാര്‍ട് ഫോണ്‍ കണക്ടിവിറ്റിയുണ്ട്. കോള്‍എസ്എംഎസ് അലേര്‍ട്ട്, നാവിഗേഷന്‍, ട്രിപ് വിവരങ്ങള്‍ കണ്‍സോളിലൂടെ അറിയാന്‍ കഴിയും. ഇസിം കണക്ഷനും ലഭ്യമണ്. ആദ്യവര്‍ഷം സേവനം സൗജന്യമാണ്. പിന്നീട് വര്‍ഷം 900 രൂപ ഫീസ് നല്‍കണം. വാഹനം അപകടത്തില്‍ പെട്ടാലോ മറിഞ്ഞാലോ അലേര്‍ട്ട് കിട്ടും. മാത്രമല്ല, ജിയോഫെന്‍സിങ്ങും അന്റി തെഫ്റ്റ്, ലൈവ് ട്രാക്കിങ് സംഗതികളും ഇതുവഴി സാധ്യമാകും.

ബാറ്ററി

3 ലിഥിയം അയേണ്‍ ബാറ്ററിയാണ്‌ െഎക്യൂബിന്റെ പവര്‍ഹൗസ്. 5 മണിക്കൂര്‍കൊണ്ട് 80% ചാര്‍ജാകും.

7 മണിക്കൂര്‍ വേണം ഫുള്‍ ചാര്‍ജാകാന്‍. 2.5 യൂണിറ്റ് കറന്റ് വേണം ഫുള്‍ചാര്‍ജിന്. ഏറ്റവും കുറഞ്ഞ സ്ലാബ് റേറ്റ് വച്ചു നോക്കിയാല്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 20 പൈസയേ ചെലവു വരുന്നുള്ളു. രണ്ട് ടൈപ് ചാര്‍ജറുണ്ട്. സാധാരണ പവര്‍ പ്ലഗ്ഗില്‍ ഘടിപ്പിക്കാവുന്ന പോര്‍ട്ടബിള്‍ കേബിളും വീട്ടില്‍ ഘടിപ്പിക്കാവുന്ന സ്മാര്‍ട് ഹോം കണക്ടും. രണ്ടു ചാര്‍ജറിനും വാഹനവിലകൂടാതെ വേറെ തുക നല്‍കണം. പോര്‍ട്ടബിള്‍ ചാര്‍ജറിന് 8,200 രൂപയും സ്മാര്‍ട് ഹോം കണക്ടിനു 11,800 രൂപയും. ബാറ്ററി ഫുള്‍ചാര്‍ജ് ആയാല്‍ ഓട്ടോ കട്ട് ഓഫ് ആകുന്ന ഫീച്ചേഴ്‌സ് സ്മാര്‍ട് ഹോം കണക്ടിലുണ്ട്. മാത്രമല്ല, വോള്‍ട്ടേജിലുള്ള വ്യതിയാനവും മറ്റും പ്രശ്‌നമാകുകയും ഇല്ല.

സാധാരണ സ്‌കൂട്ടര്‍ ഓണാക്കുന്നതുപോലെ കീയിട്ടും ഫോബ് കീ ഉപയോഗിച്ചും സ്റ്റാര്‍ട്ടാക്കാം. സൈഡ് സ്റ്റാന്‍ഡ് മടക്കാതെ സ്റ്റാര്‍ട്ടാവില്ല. ബ്രേക്ക് അമര്‍ത്തി ഹാന്‍ഡിലിലെ വലതുവശത്തെ സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ െഎക്യൂബ് റൈഡിനു റെഡിയാകും. ഇക്കോ, പവര്‍ എന്നിങ്ങനെ രണ്ടു റൈഡ് മോഡുകളാണുള്ളത്. ഇക്കോയില്‍ റേഞ്ച് കൂടുതലും പവര്‍ മോഡില്‍ റേഞ്ച് കുറവുമാണ്. ഓട്ടത്തില്‍ തന്നെ മോഡ് മാറ്റാം. മോഡ് സിലക്ട് സ്വിച്ച് ഹാന്‍ഡിലിലെ വലതുവശത്താണ്. അതിനോട് ചേര്‍ന്ന് പാര്‍ക് അസിസ്റ്റ് സ്വിച്ചുമുണ്ട്. ഇത് അമര്‍ത്തിയാല്‍ വാഹനം റിവേഴ്‌സോ ഫോര്‍വേഡോ ഓടിക്കാം. പാര്‍ക്ക് ചെയ്യാന്‍ വേണ്ടിയുള്ള വേഗം മാത്രമാണ് കിട്ടുക. കംഫര്‍ട്ടായ സീറ്റിങ് പൊസിഷന്‍. വലിയ ഫുട്‌ബോര്‍ഡാണ്. ഉയരം കൂടിയവര്‍ക്കും ഹാന്‍ഡിലില്‍ കാല്‍ തട്ടാതെ ഈസിയായി ഇരിക്കാം. 6570 കിലോമീറ്റര്‍ വേഗത്തില്‍ നല്ല കണ്‍ട്രോളാണ്. പെട്രോള്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന ഫീലാണ് ഇതിനും. ശബ്ദമില്ലെന്നു മാത്രം. പവര്‍ മോഡില്‍ നല്ല പിക്കപ്പുണ്ട്. മുന്നില്‍ ഡിസ്‌ക് ബ്രേക്കാണ്. പിന്നില്‍ ഡ്രം ബ്രേക്കും. കയറ്റത്തില്‍ നിര്‍ത്തിയാല്‍ പിന്നോട്ടുരുളാതിരിക്കാന്‍ പെട്രോള്‍ സ്‌കൂട്ടറുകളിലേതുപോലെ ബ്രേക്ക് ലോക്ക് നല്‍കിയിട്ടുണ്ട്.

1.23 ലക്ഷം രൂപയാണ് കൊച്ചിയിലെ ഓണ്‍റോഡ് വില. സബ്‌സിഡികഴിഞ്ഞുള്ള വിലയാണ്. ഓണ്‍ലൈന്‍ വഴിയാണ് ബുക്കിങ്. ഡെലിവറി ഷോറൂം വഴിയും. നിലവില്‍ കൊച്ചിയില്‍മാത്രമേ ഷോറും ഉള്ളൂ.

Top