ടിവിഎസ് സ്പോര്‍ട് സ്പെഷ്യല്‍ എഡിഷന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ടിവിഎസ് സ്പോര്‍ട് സ്പെഷ്യല്‍ എഡിഷന് 40,088 രൂപ മുതലാണ് വില. ഇലക്ട്രിക് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് – അലോയ് വീല്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് സ്പെഷ്യല്‍ എഡിഷന് സ്പോര്‍ട് പുറത്തിറങ്ങുന്നത്. റെഡ് – സില്‍വര്‍, ബ്ലൂ – സില്‍വര്‍ ഗ്രാഫിക്സ് ഓപ്ഷനുകളുള്ള കറുപ്പു നിറശൈലിയാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്.
പുതിയ ഗ്രാഫിക്സ് മോഡലിന് പുതുമ സമര്‍പ്പിക്കും. കൂടുതല്‍ ആധുനികമെന്നു തോന്നിക്കാന്‍ മിററുകളുടെ ആകാരം കമ്പനി ചെറുതായി പരിഷ്കരിച്ചു. ത്രിമാന ലോഗോ സ്പെഷ്യല്‍ എഡിഷന് സ്പോര്‍ടിന്റെ ആകര്‍ഷണീയത കൂട്ടും. നൂറു സിസി ശ്രേണിയില്‍ സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി അവതരിപ്പിക്കുന്ന ആദ്യ ബൈക്കെന്ന ബഹുമതി ടിവിഎസ് സ്പോര്‍ട് സ്പെഷ്യല്‍ എഡിഷന് വരവില്‍ കരസ്ഥമാക്കി.
എയര്‍ കൂളിംഗ് സംവിധാനമുള്ള 99.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് സ്പെഷ്യല്‍ എഡിഷന് സ്പോര്‍ടില്‍ തുടിക്കുന്നത്. എഞ്ചിന് 7.3 bhp കരുത്തും 7.5 Nm torque ഉം പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ അഞ്ചു വിധത്തില്‍ ക്രമീകരിക്കാന്‍ സാധിക്കുന്ന ഷോക്ക് അബ്സോര്‍ബറുകളും ബൈക്കില്‍ സസ്പെന്ഷന് നിറവേറ്റും.