ഹൈബ്രിഡ്, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കാന്‍ ടിവിഎസ്‌

ന്യൂഡല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി ഹൈബ്രിഡ്, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കും.

സ്‌കൂട്ടറുകള്‍ നിര്‍മ്മാണത്തിലാണെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ വര്‍ഷം ഡിസംബറില്‍ ഹൈബ്രിഡ് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം നടത്തും.

ബാറ്ററിയിലും പെട്രോളിലുമായിരിക്കും സ്‌കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത വര്‍ഷം മാര്‍ച്ചിലാണ് അവതരിപ്പിക്കുക. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടിവിഎസ് മോട്ടോര്‍ കമ്പനി.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ ഹൈബ്രിഡൈസേഷനാണ് ടിവിഎസ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ആവശ്യമായ ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ അഭാവത്തില്‍ ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉണ്ടായിരിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ വേണു ശ്രീനിവാസന്‍ പറഞ്ഞു. വന്‍ നഗരങ്ങള്‍ക്ക് പുറത്തെ വിപണികളെ ലക്ഷ്യംവെച്ചാണ് ഹൈബ്രിഡ് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറിന് സ്വന്തം ബാറ്ററി മാനേജ്‌മെന്റ് സംവിധാനമാണ് ടിവിഎസ് ഉപയോഗിക്കുക. വിദേശ കമ്പനികളില്‍നിന്ന് സെല്ലുകള്‍ വാങ്ങും. എന്നാല്‍, ബാറ്ററി അസ്സംബ്ള്‍ ചെയ്യുന്ന ജോലി ടിവിഎസ് നിര്‍വ്വഹിക്കും.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി മോട്ടോര്‍ രൂപകല്‍പ്പന ചെയ്യുന്നതിന് നല്ലൊരു തുക നിക്ഷേപിക്കുമെന്ന് വേണു ശ്രീനിവാസന്‍ വ്യക്തമാക്കി. തൃപ്തികരമെന്ന് കണ്ടാല്‍ മോട്ടോറുകള്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ നിക്ഷേപം നടത്തും. 2020 ഓടെ ഇന്ത്യയില്‍ വില്‍ക്കുന്ന അഞ്ച് സ്‌കൂട്ടറുകളില്‍ ഒന്നുവീതം ഇലക്ട്രിക് ആയിരിക്കുമെന്നാണ് വേണു ശ്രീനിവാസന്റെ നിഗമനം.

Top