വാക്‌സിനെതിരായ ട്വീറ്റ്; പ്രശാന്ത് ഭൂഷന് മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകള്‍ക്കെതിരായി ട്വീറ്റ് ചെയ്ത മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന് മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍. വാക്സിന്‍ വിരുദ്ധ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിലും ഭൂഷണ് നേരെ വിമര്‍ശനം ശക്തമാണ്.

മതിയായ പരീക്ഷണങ്ങളോ പഠനങ്ങളോ നടക്കാതെയാണ് ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ആദ്യം മുതല്‍ക്കേ വിമര്‍ശനമുയര്‍ത്തിയിരുന്നു. വാക്സിന്‍ സ്വീകരിച്ച സ്ത്രീ മരിച്ചതായ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. വാക്സിന്‍ എടുത്തത് കാരണമാണ് തന്റെ ഭാര്യ മരിച്ചതെന്ന് ഇവരുടെ ഭര്‍ത്താവ് ആരോപിക്കുന്നുണ്ട്. സര്‍ക്കാര്‍ വാക്സിന്റെ പ്രതികൂല ഫലങ്ങള്‍ നിരീക്ഷിക്കുകയോ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭൂഷണ്‍ വിമര്‍ശിച്ചു.

ആരോഗ്യമുള്ള ഒരാള്‍ക്ക് കോവിഡ് ബാധിച്ചാലും രൂക്ഷമാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാല്‍, വാക്സിന്‍ കാരണം ഇവര്‍ മരിക്കാനുള്ള സാധ്യത കൂടുതലാണ്. വാക്സിന്‍ നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി, കോവിഡ് മുക്തി നേടുന്നവര്‍ക്ക് പ്രകൃത്യാ ലഭിക്കുന്നുണ്ട്. ആര്‍ജിത പ്രതിരോധ ശേഷിയെ വാക്സിന്‍ ചിലപ്പോള്‍ ഇല്ലാതാക്കുമെന്നും ഒരു ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഈ ട്വീറ്റിനാണ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ലേബല്‍ ട്വിറ്റര്‍ നല്‍കിയത്. മറ്റൊരു ട്വീറ്റിനും മുന്നറിയിപ്പ് ലേബല്‍ നല്‍കിയിട്ടുണ്ട്.

Top