തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ട്വീറ്റ് ചെയ്തതിന് കെ.എസ്.യുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‌തെന്ന് ആരോപണം. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെയാണ് കെ.എസ്.യു ട്വീറ്റ് ചെയ്തത്. ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെയും, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റേയും നടപടികള്‍ അവസാനിപ്പിക്കുക എന്നായിരുന്നു ട്വീറ്റ്.
ഇതിനു തൊട്ടു പിന്നാലെയാണ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്. കെ.എസ്.യുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയ സംഭവത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഫെയ്‌സ്ബുക്കിലൂടെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി.