twenty 20 asia cup final; india win

കൊച്ചി: കാഴ്ച പരിമിതര്‍ക്കായുള്ള പ്രഥമ ട്വന്റി20 ഏഷ്യാകപ്പ് ഇന്ത്യ നേടി. ഫൈനലില്‍ പാക്കിസ്ഥാനെ 45 റണ്‍സിനു തോല്‍പ്പിച്ചു. സ്‌കോര്‍: ഇന്ത്യ അഞ്ചിന് 208, പാക്കിസ്ഥാന്‍ 18.2 ഓവറില്‍ 163. ഇന്ത്യയുടെ ദീപക് മാലിക്കാണു കളിയിലെ കേമന്‍.

ഗ്രൂപ്പ് മല്‍സരത്തില്‍ ഏറ്റ തോല്‍വിക്ക് ഇതോടെ ഇന്ത്യ പകരംവീട്ടി. ഇന്ത്യ 2014ല്‍ കാഴ്ച വൈകല്യമുള്ളവരുടെ ലോകകപ്പ് നേടിയപ്പോഴും 2012 ലെ പ്രഥമ ബ്ലൈന്‍ഡ് ട്വന്റി20 ലോകകപ്പ് നേടിയപ്പോഴും ഫൈനലിലെ എതിരാളികള്‍ പാക്കിസ്ഥാന്‍ ആയിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ വെങ്കിടേഷും (36) ദീപക് മാലിക്കും (40) മികച്ച തുടക്കം നല്‍കി.

പ്രകാശ് ജെറമിയ റണ്ണൊന്നുമെടുക്കാതെ മടങ്ങിയെങ്കിലും മധ്യനിരയില്‍ കേതന്‍ പട്ടേലും (34) അനില്‍ ഗരിയയും (25) ഇന്നിങ്‌സ് പടുത്തുയര്‍ത്തി. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ അജയ് റെഡ്ഡിയുടെ ഉശിരന്‍ പ്രകടനത്തോടെ ഇന്ത്യ 200 കടന്നു.

16 പന്തില്‍ 34 റണ്‍സോടെ അജയ് റെഡ്ഡിയും എട്ടു റണ്‍സുമായി ഇഖ്ബാല്‍ ജാഫറും പുറത്താകാതെനിന്നു. പാക്കിസ്ഥാനുവേണ്ടി ഹറൂണ്‍ ഖാനും സജിദ് നവാസും ഒരു വിക്കറ്റ് വീതമെടുത്തു.

പാക്കിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആറിന് 80 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ശേഷം വാലറ്റത്ത് അനീസ് ജാവേദും ഇസ്രാര്‍ ഹസനും പിടിച്ചു നിന്നു. 15 ാം ഓവറില്‍ ഇസ്രാറും 18 ാം ഓവറില്‍ അനീസും റണ്ണൗട്ടായതോടെ പാക്കിസ്ഥാന്റെ മുന്നേറ്റം നിലച്ചു.

ഇന്ത്യക്കുവേണ്ടി ദീപക് മാലിക് രണ്ട് വിക്കറ്റെടുത്തു. അജയ് റെഡ്ഡി, അനില്‍ ഗരിയ, അമോല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. മന്ത്രി കെ. ബാബു, ബെന്നി ബഹനാന്‍ എംഎല്‍എ, ക്രിക്കറ്റ് താരം സയ്യിദ് കിര്‍മാനി എന്നിവര്‍ സമ്മാനദാനം നടത്തി.

Top