തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി 20

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ട്വന്റി 20. രാഷ്ട്രീയപ്രാധാന്യമില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുന്നതെന്ന് സാബു ജേക്കബ് അറിയിച്ചു.ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ആംആദ്മിയുമായി ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നും സാബു പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ട്വന്റി 20 കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന് ആംആദ്മിയും നേരത്തെ അറിയിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. 140 സീറ്റുകളിലും മത്സരിച്ച് വിജയിച്ച് കേരളത്തില്‍ ഭരണം നേടുക എന്നതാണെന്ന് പാര്‍ട്ടി ലക്ഷ്യമെന്നാണ് സംസ്ഥാന കണ്‍വീനര്‍ പിസി സിറിയക് പറഞ്ഞത്.

ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അടുത്ത നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ എല്ലാം സീറ്റുകളിലും മത്സരിക്കും. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നതില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്ന് പിസി സിറിയക് അറിയിച്ചു.
”തൃക്കാക്കരയില്‍ മത്സരിച്ചത് കൊണ്ട് സര്‍ക്കാരില്‍ നിര്‍ണായകമായ സ്വാധീനമൊന്നും ചെലുത്താന്‍ പറ്റില്ല. ഒരു സീറ്റ് കിട്ടിയത് കൊണ്ട് ഒരു പ്രയോജനവുമില്ല. അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ സാധാരണ മത്സരിക്കാറില്ല. ഒന്നോ രണ്ടോ സീറ്റ് കിട്ടിയിട്ട് ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ പറ്റില്ല. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭരണം കിട്ടി പാര്‍ട്ടി നല്‍കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റണം. ഇതാണ് ലക്ഷ്യം. അടുത്ത പൊതുതെരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റുകളിലും മത്സരിക്കും. ആംആദ്മിക്ക് സംസ്ഥാനത്ത് നല്ല സ്ഥാനാര്‍ത്ഥികളുണ്ട്. മത്സരിച്ചാല്‍ വിജയിക്കുമെന്ന് ഉറപ്പാണ്.” -പിസി സിറിയക് പറഞ്ഞു.

Top