കണ്ണൂര്‍: ലോക്ക്ഡൗണ്‍കാലത്ത് സംസ്ഥാനത്തെ ബവ്‌റിജസ് വെയര്‍ഹൗസുകളില്‍ നിന്ന് മാത്രം ചീത്തയായത് ഇരുപതിനായിരത്തോളം കെയ്‌സ് ബീയര്‍. ആറു മാസമാണു ബീയറിന്റെ ഉപയോഗ കാലാവധി. ലോക്ഡൗണില്‍ വില്‍ക്കാന്‍ കഴിയാത്തതിനാലാണ് ഇത്രയും ബീയര്‍ കാലാവധി പിന്നിട്ടത്. ഇവ നശിപ്പിച്ചുകളയുന്നതിനായി വെയര്‍ഹൗസ് മാനേജര്‍മാര്‍ ബെവ്‌കോയ്ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്.
അതേസമയം, ബാര്‍ബീയര്‍ പാര്‍ലറുകളില്‍ സൂക്ഷിച്ചിരിക്കുന്ന കാലാവധി പിന്നിട്ട ബീയര്‍ എന്തു ചെയ്യണമെന്ന നിര്‍ദേശം ഇതുവരെ എക്‌സൈസ് വകുപ്പ് നല്‍കിയിട്ടില്ല. പാഴ്‌സല്‍ കൗണ്ടര്‍ വഴി വില്‍പന പുനരാരംഭിക്കുന്നതിനു മുന്‍പ് ഇവ നശിപ്പിച്ചുകളഞ്ഞില്ലെങ്കില്‍, ചിലയിടത്തെങ്കിലും ഇതു വില്‍പനയ്‌ക്കെത്തിയേക്കും എന്ന ആശങ്കയുണ്ട്. ലേബലിലെ തീയതി കൃത്യമായി വായിച്ചു നോക്കി വാങ്ങുക മാത്രമാണ് ഉപഭോക്താവിനു മുന്നിലുള്ള മാര്‍ഗം.
സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവില്‍പനശാലകളുള്ള എറണാകുളം ജില്ലയിലെ ഒരു ബെവ്‌കോ വെയര്‍ഹൗസില്‍ മാത്രം 1500 കെയ്‌സ് ബീയറിന്റെ കാലാവധി കഴിഞ്ഞെന്നാണു കോര്‍പറേഷനു ലഭിച്ച കണക്ക്. ആകെ 23 വെയര്‍ഹൗസുകളുണ്ട്. തുറക്കാന്‍ അനുമതി ലഭിച്ചാലുടന്‍ ബെവ്‌കോ ചില്ലറ വില്‍പനശാലകളിലെ മോശം ബീയറിന്റെയും കണക്കെടുത്തു നശിപ്പിക്കും. അതേസമയം, ബാറുകളും കണ്‍സ്യൂമര്‍ഫെഡും മുന്‍കൂര്‍ പണമടച്ചാണു ബെവ്‌കോയില്‍നിന്നു മദ്യം വാങ്ങുന്നതെന്നതിനാല്‍ നശിപ്പിക്കുന്ന ബീയറിന്റെ സാമ്പത്തിക നഷ്ടം ഇവര്‍ സഹിക്കേണ്ടിവരും.