ദീപുവിന്റെ മരണത്തിന് പിന്നില്‍ എംഎല്‍എ പിവി ശ്രീനിജനെന്ന് ട്വന്റി 20

എറണാകുളം: എറണാകുളം കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചതിന് പിന്നാലെ കുന്നത്ത്‌നാട് എംഎല്‍എ പിവി ശ്രീനിജന് എതിരെ വ്യാപക പ്രതിഷേധം.

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ എംഎല്‍എ. ശ്രമിക്കുന്നു എന്നാരോപിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിലാണ് ദീപുവിന് മര്‍ദനമേറ്റത്. മര്‍ദനത്തിന് പിന്നില്‍ സിപിഐഎം ആണെന്നും എംഎല്‍എയുടെ അറിവോടെയാണ് അക്രമം നടന്നതെന്നുമാണ് ആക്ഷേപം.

പിവി ശ്രീനിജന്‍ എംഎല്‍എയെ കിഴക്കമ്പലത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്നും ട്വന്റി 20 പ്രതികരിച്ചു. ദീപുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആലുവയിലെ ആശുപത്രിക്ക് മുന്നിലും ട്വന്റി 20 പ്രവര്‍ത്തകര്‍ എംഎല്‍എക്ക് എതിരെ പ്രതിഷേധിച്ചു.

കൊലപാതകത്തിന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി. സംഘര്‍ഷത്തിനിടെ ദീപുവിനെ സിപിഐഎം പ്രവര്‍ത്തകള്‍ തല്ലിച്ചതച്ചു. ഒരു അസുഖവുമില്ലാത്ത ആളായിരുന്നു ദീപു. എന്നാല്‍ ദീപുവിന് ലിവര്‍ സിറോസിസ് ആണെന്ന് പ്രചരിപ്പിക്കുന്നു. ഈ പ്രചാരണത്തിന് പിന്നിലും എംഎല്‍എ ആണ്. ആശുപത്രി അധികൃതര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ് എന്നും ട്വന്റി 20 ആരോപിക്കുന്നു. പോസ്റ്റ് മോര്‍ട്ടം അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉയര്‍ത്തിയ ട്വന്റി 20 വിശദമായ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നല്‍കി.

Top