ട്വന്‍റി 20 റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി സൂര്യകുമാര്‍ യാദവ്, ബൗളിംഗില്‍ ഹസരങ്ക വീണ്ടും ഒന്നാമത്

ദുബായ്: ഐസിസി ട്വന്‍റി 20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. 869 പോയിന്‍റുമായാണ് സൂര്യകുമാര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ട്വന്‍റി 20 ലോകകപ്പില്‍ തിളങ്ങിയ സൂര്യകുമാര്‍, രണ്ടാം സ്ഥാനത്തുള്ള പാക് താരം മുഹമ്മദ് റിസ്വാനെക്കാൾ 39 പോയിന്‍റിന് മുന്നിലാണ്. ലോകകപ്പില്‍ മൂന്ന് അര്‍ധസെഞ്ചുറിയുമായി സൂര്യകുമാര്‍ മിന്നുന്ന ഫോമിലാണ്.

ന്യൂസീലന്‍ഡിന്‍റെ ഡെവൺ കോൺവേയ്, പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എയ്ഡന്‍ മര്‍ക്രാം എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. അതേസമയം ഇന്ത്യയുടെ വിരാട് കോലി ആദ്യ പത്തിൽ നിന്ന് പുറത്തായി. സിംബാബ്‍വേക്കെതിരെ തിളങ്ങാതിരുന്ന കോലി, നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്. ശ്രീലങ്കയുടെ പാതും നിസങ്കയാണ് പത്താം നമ്പറില്‍ എത്തിയത്. ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയ കെ എല്‍ രാഹുല്‍ പതിനാറാം സ്ഥാനത്തേക്ക് മുന്നേറിയപ്പോള്‍, മോശം ഫോമിലുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പതിനെട്ടാം സ്ഥാനത്ത് തുടരുന്നു.

ടി 20 ബൗളിംഗ് റാങ്കിംഗില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ട്വന്‍റി 20 ലോകകപ്പില്‍ 15 വിക്കറ്റ് വീഴ്ത്തിയ മികവാണ് ഹസരംഗയ്ക്ക് കരുത്തായത്. അഫ്ഗാന്‍ സ്പിന്നര്‍ റാഷീദ് ഖാനെ പിന്തള്ളിയ ഹസരംഗ, 2021 നവംബറിന് ശേഷം ആദ്യമായി ഒന്നാം സ്ഥാനം സ്വന്തമാക്കി. ആദ്യ പത്തിൽ ഇന്ത്യന്‍ ബൗളര്‍മാര്‍ ആരുമില്ല.

12-ാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറും 13ആം റാങ്കിലുള്ള ആര്‍. അശ്വിനുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നിൽ. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിൽ ഷാക്കിബ് അൽ ഹസന്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ടീം റാങ്കിംഗില്‍ ഇന്ത്യയും ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Top