ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേടിയതിന് പിന്നാലെ കോഹ്‌ലി ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ടി20 ഫോര്‍മാറ്റില്‍ ഹിറ്റ്മാനൊപ്പം സ്ഥിരം ഓപ്പണറാകാന്‍ കോഹ്‌ലി എത്തുമെന്നാണ് ക്രിക്കറ്റ് ലോകത്തുനിന്നെത്തുന്ന പുതിയ വാര്‍ത്തകള്‍.
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ രോഹിത്തിനൊപ്പം ക്യാപ്റ്റന്‍ കോഹ്‌ലിയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 94 റണ്‍സാണ് ആദ്യ വിക്കറ്റില്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. രോഹിത് ശര്‍മ 34 പന്തില്‍ 64 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് കോഹ്‌ലി 52 ബോളില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരത്തില്‍ ഇന്ത്യ 36 റണ്‍സിന് ജയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങാനുള്ള ആഗ്രഹം ഇന്ത്യന്‍ നായകന്‍ തുറന്ന് പറഞ്ഞത്. പരമ്പരയില്‍ നാലാമതായി ബാറ്റിങ്ങിനിറങ്ങിയിരുന്ന കോഹ്‌ലി അവസാന ടി20യില്‍ ഓപ്പണറായെത്തിയപ്പോള്‍ ആദ്യം എല്ലാവരും ആശ്ചര്യപ്പെട്ടിരുന്നു.
രോഹിത് ശര്‍മക്കൊപ്പം ആര് ഇന്നിങ്‌സ് തുറക്കുമെന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് സ്ഥിരം തലവേദന ഉണ്ടാക്കുന്ന ചോദ്യമായിരുന്നു. ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഈ പരമ്പരയില്‍ മാറിമാറി പരീക്ഷിച്ചിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല.
ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ ഓപ്പണറാകാനുള്ള സന്നദ്ധത ഏറ്റെടുത്ത് രംഗത്തെത്തുമ്പോള്‍ ഇന്ത്യ നോട്ടമിടുന്നത് വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേക്കാണ്. ഐ.പി.എല്ലില്‍ കോഹ്‌ലി തന്നെ ബാംഗ്ലൂരിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് കൂടി പറയുമ്പോള്‍ ടി20 ലോകകപ്പിലേക്കുള്ള പരിശീലന കാലയളവ് കൂടിയാകും കോഹ്‌ലിയും ആരാധകരും പ്രതീക്ഷ വെക്കുന്നത്.