ജറുസലേമിലെ രണ്ട് ബസ് സ്റ്റോപ്പുകളിലായുണ്ടായ ബോംബ് ആക്രമണത്തില്‍ പതിനാറുക്കാരന്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 14 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ജറുസലേം നഗരത്തിന് പുറത്തായി ആള്‍ക്കൂട്ടമുള്ള മേഖലയില്‍ ആളുകള്‍ ജോലിക്ക് പോവുന്ന സമയത്താണ് സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തിലാണ് കൌമാരക്കാരന്‍ കൊല്ലപ്പെട്ടത്. ഇയാളടക്കം 12 പേര്‍ക്ക് ആദ്യ സ്ഫോടനത്തിലാണ് പരിക്കേറ്റത്. രണ്ടാമത്തെ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
രാജ്യത്ത് ഏറെക്കാലമായി നടന്നതില്‍ ഏറ്റവും ഗുരുതരമായ ആക്രമണമെന്നാണ് സംഭവത്തേക്കുറിച്ച് ഇസ്രയേല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി പ്രതികരിക്കുന്നത്. ഇസ്രയേലികള്‍ക്കെതിരായ വെടിവയ്പുകളും കത്തിയാക്രമണവും വിവിധ ഭാഗങ്ങളില്‍ നടക്കുന്നതിനിടയിലാണ് ജറുസലേമിലെ സ്ഫോടനം. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സേന റെയ്ഡ് നടത്തിയിന് ശേഷം നിരവധി ആക്രമണങ്ങളാണ് ഇസ്രയേലുകാര്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ജറുസലേം നഗരത്തിലേക്കുള്ള കവാടത്തിന് അടുത്തായുള്ള ഗിവത്ത് ഷാവുളിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. പ്രാദേശിക സമയം 7 മണിയോടെയായിരുന്നു ഇത്. മുപ്പത് മിനിറ്റിന് ശേഷമായിരുന്നു രണ്ടാമത്തെ സ്ഫോടനം. റാമോത്ത് ജംഗഷനിലായിരുന്നു ഇത്. ഇതും ജറുസലേം നഗരത്തിലേക്കുള്ള കവാടങ്ങളിലൊന്നാണ്.
ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിന്‍റേയും പാറക്കഷ്ണങ്ങളും അവശിഷ്ടങ്ങളും ചിതറിത്തെറിക്കുന്നതിന്‍റേയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രണ്ട് സ്ഫോടനത്തിനും കാരണമായ സ്ഫോടക വസ്തുക്കള്‍ നേരത്തെ തന്നെ ഇവിടെ എത്തിച്ചതായാണ് ഇസ്രയേലി പൊലീസ് വിലയിരുത്തുന്നത്. ബാഗുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ബസ് സ്റ്റോപ്പുകളില്‍ ഉപേക്ഷിച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.ഭീകരാക്രമണ സാധ്യതയും ഇസ്രയേല്‍ തള്ളിക്കളയുന്നില്ല. ഡിറ്റണേറ്ററുകള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ട് സ്ഫോടനങ്ങള്‍ തമ്മിലും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായാണ് ഇസ്രയേലി ആഭ്യന്തര സുരക്ഷാ മനത്രി ഒമര്‍ ബാര്‍ ലെവ് വിശദമാക്കുന്നത്. ഒരേ തരത്തിലുള്ള സ്ഫോടനമല്ല നടന്നതെങ്കില്‍ കൂടിയും രണ്ട് സ്ഫോടനം തമ്മിലും ബന്ധമുണ്ടെന്നാണ് സംശയിക്കുന്നതെന്നും ഒമര്‍ ബാര്‍ ലെവ് പറഞ്ഞു. 16കാരനായ ആര്യേക് ഷ്റ്റുപാക്കാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ വിവധ ഭാഗങ്ങളിലുള്ള ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന് പിന്നാലെ ടെല്‍ അവീവിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു.