ടെഹ്‌റാന്‍: ഇറാനിലെ കെര്‍മാനിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ 88 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് അടുത്തായാണ് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്. സുലൈമാനി കൊല്ലപ്പെട്ടതിന്റെ നാലാംവാര്‍ഷികത്തിലാണ് ഇരട്ട സ്‌ഫോടനം. ആദ്യത്തെ സ്‌ഫോടനം സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയായും രണ്ടാം സ്‌ഫോടനം ഒരു കിലോമീറ്റര്‍ അകലെയായുമാണ് നടന്നത്. സുലൈമാനിയുടെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ഒത്തുകൂടിയവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് സ്യൂട്ട്കേസുകള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ സ്ഫോടനം പ്രാദേശിക സമയം ഉച്ചക്ക് ശേഷം 2.50- ഓടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ക്ക് ശേഷവുമാണ് നടന്നത്. ആദ്യ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ മറ്റ് തീര്‍ത്ഥാടകര്‍ എത്തിയപ്പോഴാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നതെന്ന് ഇറാന്‍ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി വ്യക്തമാക്കി.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ സേവനമനുഷ്ഠിച്ച ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്നു ഖാസിം സുലൈമാനി. 2020-ല്‍ ബാഗ്ദാദ് വിമാനത്താവളത്തില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്റെ ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടത്. സുലൈമാനിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കുകയും ചെയ്തിരുന്നു.