ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കൊണ്ടോട്ടി സ്വദേശിനിയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി.എം.ഒയോടും ജില്ലാ പൊലീസ് മേധാവിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആരോഗ്യമന്ത്രി നല്‍കിയ നിര്‍ദേശം. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

കൊവിഡ് മുക്തയായ ഗര്‍ഭിണിക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. മലപ്പുറം കിഴിശേരിയിലെ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടര്‍ന്ന് യുവതിയുടെ ഇരട്ടക്കുട്ടികള്‍ പ്രസവത്തിനിടെ മരിച്ചു. എന്‍സി ഷെരീഫ്-സഹല ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.

Top