ന്യൂഡല്‍ഹി: യുജിസി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ ട്വിറ്റര്‍ അക്കൌണ്ടുകള്‍ തുടര്‍ച്ചയായി ഹാക്ക് ചെയ്യപ്പെട്ടതില്‍ അന്വേഷണവുമായി കേന്ദ്രം. സൈബര്‍ ആക്രമണസാധ്യത കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ അടക്കം ട്വിറ്റര്‍ അക്കൌണ്ടുകള്‍ക്ക് സുരക്ഷ കൂട്ടാനും കേന്ദ്രം നിര്‍ദ്ദേശം നല്കി. സംഭവത്തില്‍ ദില്ലി പൊലീസും അന്വേഷണം തുടങ്ങി
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ യുജിസിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്കര്‍മാര്‍ കൈക്കലാക്കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും നേരത്തെ ഹാക്ക് ചെയ്തിരുന്നു. രണ്ട് ദിവസങ്ങളിലായി മൂന്ന് പ്രധാനപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളാണ് സമാന രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടതിനെ കേന്ദ്രം അതിഗൌരവത്തോടെയാണ് കാണുന്നത്. നാലര മണിക്കൂറുകളോളം വേണ്ടി വന്നു ഈ അക്കൌണ്ടുകള്‍ തിരികെ പിടിക്കാന്‍.
മൂന്ന് അക്കൗണ്ടുകളും ഹാക്ക് ചെയ്തത് ഒരേ സംഘമാണോ എന്നതാണ് നിലവില്‍ അന്വേഷിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ അടക്കം ട്വിറ്റര്‍ അക്കൌണ്ടുകള്‍ക്ക് സുരക്ഷ കൂട്ടി നിര്‍ദ്ദേശമുണ്ട്.
ക്രിപ്റ്റോ തട്ടിപ്പ് സംഘങ്ങളിലേക്കാണ് നിലവില്‍ അന്വേഷണം നീങ്ങുന്നത്. സംഭവത്തില്‍ ദില്ലി പൊലീസ് സൈബര്‍ ക്രൈം വിഭാഗവും അന്വേഷണം തുടങ്ങി.യുപി മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തതില്‍ യുപി സര്‍ക്കാര്‍ സ്വന്തം നിലയ്ക്കും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ അക്കൗണ്ട് സമാന രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്നത്തെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രം ഇതുവരെ പുറത്ത് വിട്ടില്ല.