എഡിറ്റ് ബട്ടൺ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ. ട്വീറ്റ് ചെയ്ത് 30 മിനിറ്റിനകം ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള പുതിയ അപ്ഡേറ്റാണ് ട്വിറ്റർ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ട്വിറ്റർ ബ്ലൂ വരിക്കാർക്കാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാകുക. 30 മിനിറ്റിനുള്ളിൽ അഞ്ച് എഡിറ്റുകൾ മാത്രമേ ട്വിറ്റർ ഉപയോക്താക്കൾക്ക് ചെയ്യാനാകൂ.
ഈ സമയപരിധിയ്ക്ക് ഉള്ളില് ഉപയോക്താവിന് അക്ഷരത്തെറ്റുകൾ തിരുത്താനും മീഡിയ ഫയലുകൾ അപ്‌ലോഡ് ചെയ്യാനും ടാഗുകൾ എഡിറ്റ് ചെയ്യാനും കഴിയും. ന്യൂസിലാൻഡിലെ ട്വിറ്റർ ബ്ലൂ വരിക്കാർക്ക് എഡിറ്റ് ബട്ടൺ തുടക്കത്തിൽ ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് ട്വിറ്റർ ഉപയോക്താക്കളുടെ പെരുമാറ്റം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കൂടാതെ, നിശ്ചിത സമയപരിധിയ്ക്കുള്ളിൽ എഡിറ്റ് പരിധി മാറ്റണമോ എന്ന് ചിന്തിക്കുന്നതായും സൂചനയുണ്ട്.എഡിറ്റ് ബട്ടണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ട്വിറ്റർ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. എഡിറ്റ് ചെയ്‌ത ട്വീറ്റ് ട്വീക്ക് ചെയ്‌തതായി സൂചിപ്പിക്കുന്നതിന് ഒരു ഐക്കൺ, ലേബൽ, ടൈംസ്റ്റാമ്പ് എന്നിവ ഉപയോഗിച്ച് അടയാളപ്പെടുത്തും. യഥാർത്ഥ പോസ്റ്റിനൊപ്പം ട്വീറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയും ഉപയോക്താക്കൾക്ക് പരിശോധിക്കാൻ കഴിയും.