സാൻഫ്രാന്സിസ്കോ: സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോയിലെ ഓഫീസിലെ സാധനങ്ങൾ വില്പന നടത്തി ഇലോൺ മസ്ക്. ഹെറിറ്റേജ് ഗ്ലോബൽ പാർട്ണേഴ്സ് ഇങ്ക് സംഘടിപ്പിച്ച 27 മണിക്കൂർ ഓൺലൈൻ ലേലം അവസാനിച്ചു. ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ തുടങ്ങി അടുക്കള സാമഗ്രികൾ ഉൾപ്പടെ 600-ലധികം ഇനങ്ങളാണ് മസ്ക് ലേലത്തിൽ വെച്ചത്.
ലേലത്തിൽ ഏറ്റവും കൂടുതൽ വിലയ്ക് വിറ്റുപോയത് ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷി ലോഗോയുടെ പ്രതിമയായിരുന്നു. 100,000 ഡോളറിന് അതായത് 81,25,000 ഇന്ത്യൻ രൂപയ്ക്കാണ് ഈ പ്രതിമ വിറ്റത്. ലേലത്തിന് മേൽനോട്ടം വഹിക്കുന്ന കോർപ്പറേറ്റ് അസറ്റ് ഡിസ്പോസൽ സ്ഥാപനമായ ഹെറിറ്റേജ് ഗ്ലോബൽ പാർട്ണേഴ്സ് പറയുന്നതനുസരിച്ച് ഏകദേശം നാലടി ഉയരമുള്ള പ്രതിമ 100,000 ഡോളറിന് വിറ്റെന്നും എന്നാൽ വാങ്ങിയ വ്യക്തിയുടെ വിവരങ്ങൾ പുറത്തുവിടാൻ അനുവാദമില്ലെന്നുമായിരുന്നു.
ലേലത്തിൽ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇനം 10 അടിയോളം വരുന്ന നിയോൺ ട്വിറ്റർ ബേർഡ് ഡിസ്പ്ലേ ആയിരുന്നു, അത് 40,000 ഡോളറിന് വിറ്റു. അതായത് ഏകദേശം 3,21,8240 ഇന്ത്യൻ രൂപയ്ക്ക്. ബിയർ സംഭരിക്കുന്നതിനുള്ള മൂന്ന് കെജറേറ്ററുകൾ, ഒരു ഫുഡ് ഡീഹൈഡ്രേറ്റർ, ഒരു പിസ്സ ഓവൻ എന്നിവ 10,000 ഡോളറിന് അഥവാ 815,233 രൂപയ്ക്ക് വിറ്റു. @ ചിഹ്നത്തിന്റെ ആകൃതിയിലുള്ള 6 അടിയുള്ള പ്ലാന്റർ 15,000 ഡോളർ അഥവാ 12,21,990 രൂപയ്ക്ക് വിറ്റു. കോൺഫറൻസ് റൂമിലെ മരത്തിന്റെ മേശ 10,500 ഡോളർ അഥവാ 8,55,393 രൂപയ്ക്ക് വിറ്റു.
2022 ഒക്ടോബർ അവസാനത്തോടെ എലോൺ മസ്ക് ട്വിറ്ററിന്റെ നിയന്ത്രണം ഔദ്യോഗികമായി ഏറ്റെടുത്തതു മുതൽ, മൈക്രോ ബ്ലോഗിംഗ് സൈറ്റ് ചെലവ് ചുരുക്കാൻ ശ്രമിക്കുന്നു. അതേസമയം, ഈ വിൽപ്പന ട്വിറ്ററിന്റെ സാമ്പത്തിക സ്ഥിതി ഉയർത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് സംഘാടകർ പറഞ്ഞു.