ദില്ലി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളും അക്കൗണ്ടുകളും മരവിപ്പിച്ച് ട്വിറ്റർ. ഇന്നലെ വൈകീട്ടാണ് അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചത്. മരവിപ്പിച്ച അക്കൗണ്ടുകളില്‍ സിപിഎം നേതാവ് മുഹമ്മദ് സലീം, കര്‍ഷക സംഘടന ബികെയു ഏക്താ ഉഗ്രാഹന്‍, ട്രാക്ടര്‍ ടു ട്വിറ്റര്‍, കാരവാന് മാഗസിന്, കിസാന്‍ ഏക്താ മോര്‍ച്ച, ആദിവാസി നേതാവ് ഹന്‍സരാജ് മീന, എന്നിവരുടെ അക്കൗണ്ടുകളും ഉൾപ്പെടുന്നുണ്ട്. കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ട്വിറ്റര്‍ 250 ഓളം ട്വീറ്റ്സും, ട്വിറ്റര്‍ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വ്യാജവും, പ്രകോപനമുണ്ടാക്കുന്നതുമായ വിവരങ്ങള്‍ പങ്കുവച്ചതിന് ഐടി ആക്ട് 69 എ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും, വിവിധ ഏജന്‍സികളുടെയും ആവശ്യത്തിന്മേലാണ് ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ നടപടി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ക്രമസമാധാന നിലയ്ക്ക് പ്രശ്നമാകുന്ന രീതിയില്‍ വളരാതിരിക്കാനാണ് ഈ നീക്കം എന്നാണ് ഇവരുടെ വാദം. എന്നാൽ പിന്നീട് ഇത് വാര്‍ത്തയായതോടെ രാത്രി 9 മണിയോടെ വിലക്ക് നീക്കുകയായിരുന്നു.
അതേസമയം വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഇന്ത്യയില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ട്വിറ്റര്‍ പറയുന്നത്. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വിവരങ്ങള്‍ അറിയുന്നതില്‍ നിന്നും ജനങ്ങളെ തടയുകയാണ് ട്വിറ്റര്‍ ചെയ്യുന്നത് എന്ന് ട്രാക്ടര്‍ ടു ട്വിറ്റര്‍ എന്ന അക്കൗണ്ട് നിയന്ത്രിക്കുന്ന ഐടി വിദഗ്ധനായ ബാവജിത്ത് സിംഗ് അക്കൗണ്ട് പുന:സ്ഥാപിക്കപ്പെടുന്നതിന് തൊട്ടുമുന്‍പ് പ്രതികരിച്ചു. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, സുപ്രീകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് എന്നിവര്‍ ട്വിറ്ററിന്റെ നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു.