വ്യാജ അക്കൗണ്ടുകളുടെ വര്‍ധനവ് കാരണം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ ഉള്ളടക്കങ്ങളും അപവാദ പ്രചരണങ്ങളും തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് കോടിക്കണക്കിന് അക്കൗണ്ടുകളെ നീക്കം ചെയ്തത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ട്വിറ്റര്‍ ഒരു ബ്ലോഗ്പോസ്റ്റില്‍ അറിയിച്ചിരുന്നു. ആഴ്ചയില്‍ 99 ലക്ഷത്തിലധികം ഓട്ടോമേറ്റഡ് അക്കൗണ്ടുകള്‍ കണ്ടെത്തുന്നുണ്ടെന്നും ട്വിറ്റര്‍ പറയുന്നു.
മുമ്പ് തട്ടിപ്പുകള്‍ക്കും അശ്ലീല പ്രചരണത്തിനുമായുള്ള ഓട്ടോമേറ്റഡ് അക്കൗണ്ടുകളും ട്വിറ്ററില്‍ വ്യാപകമായി കടന്നുകൂടിയിരുന്നു. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ട്വിറ്റര്‍ മുമ്പ് നീക്കം ചെയ്തിരുന്നു. അതേസമയം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത് ട്വിറ്ററിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.