മസ്കിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ

ഏകദേശം അര ഡസനോളം വരുന്ന പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. സർക്കാർ ഏജൻസികൾ, മസ്ക് ഉൾപ്പെടെയുള്ള ശതകോടീശ്വരന്മാരുടെയും മറ്റ് ഉന്നത വ്യക്തികളുടെയും വിമാന യാത്ര വിവരങ്ങൾ ട്രാക്ക് ചെയ്തിരുന്ന അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, മാഷബിൾ, സിഎൻഎൻ, സബ്‌സ്റ്റാക്ക് എന്നിവയുൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരുടെ അക്കൗണ്ടുകൾ വ്യാഴാഴ്ചയാണ് ട്വിറ്റർ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്. മസ്കിനെതിരെ ഇവർ നിരന്തരം വാർത്തകൾ നൽകിയിരുന്നു. പുരോഗമന സ്വതന്ത്ര മാധ്യമപ്രവർത്തകൻ ആരോൺ രൂപറിന്റെ അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്.

സസ്പെൻഷനുകൾക്ക് പിന്നിലെ കാരണം എന്താണെന്ന് പ്ലാറ്റ്‌ഫോം കൃത്യമായി വിശദീകരിച്ചിട്ടില്ല. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനാൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നു എന്ന സന്ദേശമാണ് ഇവർ ലഭിച്ചത്. വിഷയത്തിൽ മസ്‌കോ ട്വിറ്ററോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top