ന്യൂയോർക്ക്: ട്വിറ്റർ സ്വന്തമാക്കാനുള്ള നീക്കം എലോൺ മസ്ക് തുടങ്ങിയതോടെ അതിന് തടയിടാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എലോൺ മസ്കിന്റെ ഏറ്റെടുക്കലിനെ പ്രതിരോധിക്കാൻ ‘പോയ്സൺ പിൽ’ നടപ്പാക്കാനുള്ള നീക്കമാണ് ട്വിറ്റർ ആരംഭിച്ചിട്ടുള്ളത്.
ട്വിറ്റർ കൂടുതൽ ഓഹരികൾ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിച്ച് മസ്കിനെ പോലെയുള്ളവരുടെ ഓഹരി ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിലയിൽ 43 ബില്യൺ ഡോളർ ആകെ മൂല്യം വരുന്ന ഓഹരികൾ സ്വന്തമാക്കാനാണ് എലോൺ മസ്ക് നീക്കം നടത്തുന്നത്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചസ് കമ്മീഷൻ ഫയലിംഗിലാണ് മസ്ക് തന്റെ നീക്കം വെളിപ്പെടുത്തിയത്.
നിലവിലെ രീതിയിൽ ട്വിറ്റർ വളരുകയോ അതിന്റെ അഭിപ്രായ സ്വാതന്ത്ര്യ നയം മെച്ചപ്പെടുകയോ ചെയ്യില്ലെന്നും മസ്ക് ട്വിറ്റർ ബോർഡിനയച്ച കത്തിൽ പറയുന്നു. കമ്പനിയെ ഏറ്റെടുത്ത് സമൂലമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് മസ്കിന്റെ വിശദീകരണം. നിലവിലെ ഓഫർ സ്വീകാര്യമല്ലെങ്കിൽ മാനേജ്മെൻ്റിൽ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കേണ്ടി വരുമെന്നും നിലവിൽ കയ്യിലുള്ള ഓഹരികൾ ഉപേക്ഷിക്കുന്നത് ആലോചിക്കേണ്ടി വരുമെന്ന ഭീഷണിയും മസ്ക് നടത്തുന്നുണ്ട്.