റോള്‍സ് റോയ്‌സും ഇസെഡ് സുരക്ഷയും; വിസ്മയിപ്പിക്കുന്ന ആവശ്യങ്ങളുമായി ജസ്റ്റിന്‍ ബീബര്‍

മുംബൈ: യുവപോപ് താരം ജസ്റ്റിന്‍ ബീബറുടെ ആദ്യഇന്ത്യന്‍ സന്ദര്‍ശനം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. ഇതിനിടെ ജസ്റ്റിന്‍ ബിബറുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള അവശ്യ സാമഗ്രികളുടെ പട്ടിക സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.

വേള്‍ഡ് ടൂറിന്റെ ഭാഗമായി മെയ് പത്തിനാണ് മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബീബറെത്തുന്നത്.

മ്യൂസിക് ജേണലിസ്റ്റായ അര്‍ജുന്‍ എസ്. രവിയാണ് ഇന്ത്യയില്‍ ബീബര്‍ക്ക് വേണ്ടി ഒരുങ്ങുന്ന സൗകര്യങ്ങള്‍ വിവരിക്കുന്ന പട്ടിക ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ബീബറിന്റെയും 120 പേരടങ്ങുന്ന സംഘത്തിന്റെയും യാത്രക്ക് 10 ലക്ഷ്വറി സെഡാന്‍ കാറുകളും രണ്ട് വോള്‍വോ ബസുകളുമാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് മാത്രമായി ഒരു റോള്‍സ് റോയ്‌സ് കാറും താരം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര പൊലീസിന്റെ ഇസെഡ് ലെവല്‍ സുരക്ഷയും. എട്ട് പേരടങ്ങുന്ന സ്വകാര്യ സുരക്ഷാ സംഘത്തിന് പുറമെയാണ് പൊലീസിന്റെ സേവനം.

ബാക്ക് സ്റ്റേജില്‍ ഉപയോഗിക്കുന്ന മസാജ് ടേബിളടക്കമുള്ള സംവിധാനങ്ങളടങ്ങിയ 10 വലിയ കണ്ടെയ്‌നറുകളാണ് താരത്തിനായി ഇന്ത്യയില്‍ എത്തുക. സോഫ സെറ്റ്, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, വാര്‍ഡ്‌റോബ്, പിങ്‌പോങ് ടേബിള്‍ വരെ ഇതിലുണ്ട്.

ഗായകനും സംഘത്തിനും വേണ്ടി രണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് മുംബൈയില്‍ ഒരുങ്ങുന്നത്. 1000 സ്‌ക്വയര്‍ ഫീറ്റില്‍ ബീബറിന് മാത്രമായി ഗ്രാമീണ ഛായയുള്ള സ്യൂട്ടൊരുക്കുന്നുണ്ട് അധികൃതര്‍. താരത്തിന്റെ ഇഷ്ടനിറമായ പര്‍പിളിലാണ് മുറിയിലെ കാര്‍പ്പെറ്റ് അടക്കമുള്ള അലങ്കാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രമുഖരായ രണ്ട് ഷെഫുമാരാണ് ഇദ്ദേഹത്തിന്റെ ഭക്ഷണമൊരുക്കുക. ഓരോ നേരവും അഞ്ചു വീതം വ്യത്യസ്ത വിഭവങ്ങളൊരുക്കി അതിന് ജസ്റ്റിന്‍ ബീബറുടെ ജനപ്രിയ ഗാനങ്ങളുടെ പേരായിരിക്കും നല്‍കുക.

ഹോട്ടലുകളിലെ മൂന്ന് നിലകളും താരത്തിന്റെ സംഘാംഗങ്ങള്‍ക്കുവേണ്ടി മാത്രമാണ് ബുക്ക് ചെയ്തിരിക്കുകയാണ്. ഒരു ലിഫ്റ്റ് മുഴുവന്‍ സമയവും താരത്തിന് വേണ്ടി മാത്രം നീക്കിവെച്ചിരിക്കുകയാണ്.

Top