രണ്ടര വയസ്സുകാരിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും

കൊച്ചി: തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് വയസ്സുകാരിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കഴിഞ്ഞ 48 മണിക്കൂറില്‍ കുട്ടിക്ക് അപസ്മാരം ഉണ്ടായിട്ടില്ല. ശ്വാസഗതി സാധാരണ നിലയിലായെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈകീട്ടോടെ ട്യൂബ് വഴി ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്‍കാനാവുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.

കുട്ടിയെ താന്‍ മര്‍ദിച്ചിട്ടില്ലെന്നാണ് സംഭവത്തില്‍ ഒളിവിലുള്ള ആന്റണി ടിജിന്‍ പറയുന്നത്. കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും സംഭവത്തില്‍ പൊലീസിനെ ഭയന്ന് മാറി നില്‍ക്കുകയുമാണെന്നാണ് ടിജിന്റെ പ്രതികരണം. കുട്ടിക്ക് പരിക്കേറ്റത് കളിക്കുന്നതിനിടെ ഉണ്ടായ വീഴ്ചയിലാണ്. പൊള്ളലേറ്റ പാടുകള്‍ കുന്തിരിക്കം ദേഹത്ത് വീണപ്പോള്‍ ഉണ്ടായതാണെന്നും ടിജിന്‍ പറയുന്നു.

ടിജിന്‍ കര്‍ണാടകത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മര്‍ദനത്തിന് പിന്നില്‍ ആന്റണിയെന്ന് കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതോടെ ടിജിനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച പൊലീസ് വിളിച്ചപ്പോള്‍ ഉള്‍പ്പെടെ പ്രതികരിച്ച ടിജിന്‍ ചൊവ്വാഴ്ചയോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. കേസിലെ ദുരൂഹത ഒഴിയണമെങ്കില്‍ കുടുംബത്തിന് ഒപ്പം താമസിച്ചിരുന്ന ആന്റണി ടിജിനെ കണ്ടെത്തുക നിര്‍ണായകമാണ്.

Top