ബാങ്കുകളില്‍ നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച്‌ പണം തട്ടിയ രണ്ട് പേര്‍ പിടിയില്‍

arrest

മഞ്ചേരി: ബാങ്കുകളില്‍ നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച്‌ എ.ടി.എം. കാര്‍ഡുനമ്പര്‍ കൈക്കലാക്കി പണംതട്ടുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി.

കര്‍മാതര്‍ സ്വദേശികളായ ബദ്രിമണ്ഡല്‍ (23), ആശാദേവി (45) എന്നിവരെയാണ് മഞ്ചേരി സി.ഐ. എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേരെ കൂടി പിടികിട്ടാനുണ്ട്. മഞ്ചേരി സ്വദേശിയായ യുവാവിന്റെ ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസാണ് പ്രതികളിലെത്തിയത്. ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നെന്ന പേരിലാണ് വിളിച്ചത്. എ.ടി.എം. കാര്‍ഡ് ബ്ലോക്കായിട്ടുണ്ടെന്ന് അറിയിച്ചു. അതുമാറ്റാന്‍ ഫോണിലേക്കുവന്ന ഒ.ടി.പി. നമ്പര്‍
പറഞ്ഞുകൊടുക്കണമെന്നും അറിയിച്ചു. നമ്പര്‍ പറഞ്ഞുകൊടുത്തതോടെയാണ് ഒന്നരലക്ഷം രൂപ തട്ടിയെടുത്തത്. ഇ വാലറ്റുവഴിയാണ് പണം പിന്‍വലിക്കുന്നത്.

മഞ്ചേരി പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് തട്ടിപ്പിന്റെ ഉറവിടം ജാര്‍ഖണ്ഡാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടുമാസം മുമ്ബ് അവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും പോലീസ് സാന്നിധ്യം മനസ്സിലാക്കി പ്രതികള്‍ രക്ഷപ്പെട്ടു. നക്സല്‍ബാധിത പ്രദേശമായതിനാല്‍ തിരച്ചില്‍ നടത്തുന്നതിനും പരിധിയുണ്ടായിരുന്നു.

ഫെബ്രുവരി 24-ന് വീണ്ടും അന്വേഷണസംഘം ജാര്‍ഖണ്ഡിലെത്തി ഇവരെ പിടികൂടാന്‍ ശ്രമിച്ചു. സായുധസേന ഉള്‍പ്പെടെയുള്ള പ്രദേശത്തെ പോലീസിന്റെ സഹായത്തോടെയാണ് ആശാദേവി പിടിയിലായത്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് സംഘത്തിലെ ബദ്രി മണ്ഡലിനെ സംബന്ധിച്ച്‌ വിവരം ലഭിച്ചത്. ഇയാള്‍ ഇപ്പോള്‍ ജാര്‍ഖണ്ഡ് ജയിലില്‍ റിമാന്‍ഡിലാണ്.

ദീപക് മണ്ഡല്‍, മഹേഷ് മണ്ഡല്‍, സപ്നാദേവി എന്നിവരെയാണ് പിടികൂടാനുള്ളത്. ആശാദേവിയെ കോടതി റിമാന്‍ഡ് ചെയ്തു.

Top