കോഴിക്കോട്: കരിപ്പൂരിൽ ഇറങ്ങിയ രണ്ട് വിമാനയാത്രക്കാർ മലാശയത്തിൽ ഒളിപ്പിച്ച് കടത്തിയ 1829 ഗ്രാം ഭാരമുള്ള ഏഴ് സ്വർണ്ണ ഗുളികകൾ കസ്റ്റംസ് പ്രിവൻറീവ് വിഭാഗം കണ്ടെടുത്തു. ദുബായിൽ നിന്ന് വിമാനത്തിൽ എത്തിയ യാത്രക്കാരനെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് കസ്റ്റംസ് പ്രിവൻറീവ് വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു. ഇയാളുടെ മലാശയത്തിൽ ഒളിപ്പിച്ച 748 ഗ്രാം തൂക്കമുള്ള മൂന്ന് ഗുളികകളാണ് കണ്ടെടുത്തത്.
വേർതിരിച്ചെടുത്ത ശേഷം 664.9 ഗ്രാം സ്വർണം കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻഡിഗോ എയർവേയ്‌സ് വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് മറ്റ് സ്വർണ്ണ ഗുളികകൾ പിടിച്ചെടുത്തത്. മലാശയത്തിൽ ഒളിപ്പിച്ച 1071 ഗ്രാം ഭാരമുള്ള നാല് സ്വർണ്ണ ഗുളികകളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. വേർതിരിച്ചെടുത്ത ശേഷം 991.5 ഗ്രാം സ്വർണം ലഭിച്ചു.
85.64 ലക്ഷം രൂപ വിലമതിക്കുന്ന 1656.4 ഗ്രാം സ്വർണമാണ് കസ്റ്റംസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്ന് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ സിനോയ് കെ മാത്യു. , സൂപ്രണ്ട് പ്രകാശ് എം., ഇൻസ്‌പെക്ടർമാരായ കപിൽ ദേവ് സുറിറ, ഹർഷിത് തിവാരി, ഹെഡ് ഹവൽദാർ സന്തോഷ് കുമാർ എം എന്നിവർ പരിശോധനയിലും അന്വേഷണത്തിലും പങ്കെടുത്തു.