സനൂപ് വധം; രണ്ട് പേര്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വധിച്ച കേസില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍.
പ്രതികളെ സഹായിച്ച ചിറ്റിലങ്ങാടി സ്വദേശികളായ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇവരെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവരില്‍ നിന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്.

നന്ദന്‍. ശ്രീരാഗ്, സതീഷ്, അഭിജിത്ത് എന്നിവരെ കൂടാതെ മറ്റൊരാള്‍ കൂടി കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി ഇപ്പോള്‍ പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ആക്രമണത്തിനിടെ പരുക്കേറ്റ ഇയാള്‍ ത്യശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന നിര്‍ണായക വിവരവും പിടിയിലായവരില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, കേസില്‍ മുഖ്യപ്രതിയായ നന്ദനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അതിനാല്‍ തന്നെ ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നന്ദന്‍ തൃശ്ശൂര്‍ വിട്ടു പുറത്തുപോയിട്ടില്ലെന്ന് നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം തുടരുന്നത്.

അതേസമയം തൃശ്ശൂരിലെ ചില സ്ഥലങ്ങളില്‍ ഇയാളെ കണ്ടതായി പൊലീസിന് വിവരം അറിയിച്ചിട്ടുണ്ട്. ചില ഉള്‍പ്രദേശങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സനൂപിനെ ഒറ്റക്കുത്തിന് കൊന്നതും തലയ്ക്ക് അടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചും ആക്രമണത്തിന് നേതൃത്വം നല്‍കിയതും നന്ദനാണ് എന്നാണ് പൊലീസ് പറയുന്നത്.

Top