ഭോപ്പാല്‍: ക്രിമിനല്‍ നിയമ ഭേദഗതിബില്‍ പാസാക്കുന്നതിനിടെ മധ്യപ്രദേശ് നിയമസഭയില്‍രണ്ട് ബി ജെ പി എം എല്‍ എമാര്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരാണ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തതെന്നാണ് സൂചന. ഇതില്‍ നാരായണ്‍ ത്രിപാഠി മുമ്പ് കോണ്‍ഗ്രസിലായിരുന്നു. 2014ലാണ് ഇദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നത്.
Two BJP MLAs vote in favour of Kamal Nath Govt during voting on criminal law(amendment) in Madhya Pradesh assembly pic.twitter.com/TEALmXA4g0
— ANI (@ANI) July 24, 2019
‘എല്ലാദിവസവും ബി ജെ പി പറയാറുണ്ട് ഞങ്ങള്‍ ന്യൂനപക്ഷ സര്‍ക്കാരാണെന്നും ഏതുദിവസവും താഴെപ്പോകാമെന്നും. എന്നാല്‍ ഇന്ന് സഭയില്‍ രണ്ട് ബി ജെ പി എം എല്‍ എമാര്‍ ഞങ്ങളുടെ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു’- ഭേദഗതി പാസായതിനു പിന്നാലെമുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.
ഇന്നലെ അനുകൂലമായ സിഗ്നല്‍ കിട്ടിയാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ നിലംപൊത്തുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ നിയമസഭയില്‍ ബുധനാഴ്ച പറഞ്ഞിരുന്നു.
ബി.ജെ.പി.യിലെ നമ്പര്‍ വണ്ണും, നമ്പര്‍ ടൂവും ഞങ്ങള്‍ക്ക് അനുകൂലമായ സിഗ്നല്‍ നല്‍കിയാല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്നായിരുന്നു ഗോപാല്‍ ഭാര്‍ഗവയുടെ പരാമര്‍ശം.
എന്നാല്‍ ബി.ജെ.പി.യുടെ ആഗ്രഹം നടക്കില്ലെന്നും കോണ്‍ഗ്രസിന്റെ എം.എല്‍.എമാരും എം.പിമാരും വില്‍പനയ്ക്കുള്ളവരല്ലെന്നും മുഖ്യന്ത്രി കമല്‍നാഥ് തിരിച്ചടിച്ചു. ബി.ജെ.പി.യിലെ നമ്പര്‍ വണും, നമ്പര്‍ ടൂവും ആരാണെന്ന് ഗോപാല്‍ ഭാര്‍ഗവ തിരിച്ചറിയേണ്ടതുണ്ടെന്നും ബി.ജെ.പി. എപ്പോള്‍ ആവശ്യപ്പെട്ടാലും ഭൂരിപക്ഷം തെളിയിക്കാന്‍ താന്‍ തയ്യാറാണെന്നും കമല്‍നാഥ് തിരിച്ചടിച്ചു.