തിരുവനന്തപുരം: നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ 2021-22 ലെ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ തിരുവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ദാരിദ്ര നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഷിംലയാണ് ഒന്നാം സ്ഥാനം നേടിയത്. കോയമ്പത്തൂർ രണ്ടാമതും ഛണ്ഡിഗഡ് മൂന്നാം സ്ഥാനത്തുമാണ്.
കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ നഗര വികസനത്തിനായി സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. മികച്ച പ്രവർത്തനം കാഴ്ച വച്ച നഗരസഭകളെ അഭിനന്ദിക്കുന്നു. കൂടുതൽ മികവിലേയ്ക്ക് ഉയരാൻ ഈ നേട്ടം പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.