മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. താനെ കോര്‍പ്പറേഷന്‍ കൗണ്‍സിലറും എന്‍സിപി നേതാവുമായ മുകുന്ദ് കിനി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ
സ്ഥിതി രാത്രിയോടെ വഷളാവുകയായിരുന്നു.
മീരാ ബയന്തര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ശിവസേന നേതാവുമായി ഹരിശ്ചന്ദ്ര ആംഗോന്‍കര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. താനെയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും മകനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗ മുക്തരായി.
അതേസമയം രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഇതുവരെ 90,787 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.42,638 പേര്‍ ഇതിനകം രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 2,259 പേര്‍ക്കു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 120 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 3289 ആയി ഉയര്‍ന്നു.
മുംബൈയില്‍ 51,100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1760 രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ കോവിഡ് വ്യാപനത്തില്‍ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മുംബൈ മറികടന്നു. നിലവില്‍ വുഹാനെക്കാള്‍ 700 കോവിഡ് കേസുകള്‍ മുംബൈയില്‍ അധികമായുള്ളത്. 3,869 മരണങ്ങളുള്‍പ്പെടെ 50,333 കോവിഡ് കേസുകളാണു വുഹാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.