കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങി സ്വർണ്ണക്കടത്തിന് കൂട്ട് നിന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അനീഷ്, ഉമേഷ് കുമാർ സിംഗ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം പുറത്തെത്തിക്കാൻ സഹായിച്ചതിനാണ് നടപടി. യാത്രക്കാരനിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയ ശേഷമാണ് 250 ഗ്രാമിൽ അധികം സ്വര്‍ണ്ണവുമായി പുറത്ത് കടക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചത്.
എന്നാൽ ഇയാളെ വിമാനത്താവളത്തിന് പുറത്ത് വച്ച് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കസ്റ്റംസ് കമ്മീഷണർ നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുൻപും ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ അറിവോടെ സ്വർണം കടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അധികൃതർ.