ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഛത്തീസ്ഗഢില്‍ എത്തി. ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയിലെ ഭന്‍സി മേഖലയില്‍ മാവോയിസ്റ്റുകള്‍ നശിപ്പിച്ച റെയില്‍വേ ട്രാക്കില്‍ പ്രസിഡന്റ് സന്ദര്‍ശനം നടത്തും. മാവോയിസ്റ്റുകളുടെ ആക്രമണത്തെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ ബസ്താര്‍ പ്രവശ്യയില്‍ വിവിധ ഇടങ്ങളില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച ജഗ്ദാലപുരിലെത്തിയ പ്രസിഡന്റിനെ മുഖ്യമന്ത്രി രമണ്‍ സിംഗ് സ്വീകരിച്ചു. വ്യാഴാഴ്ച ദന്തേവാഡയിലെയും ബസ്താറിലെയും കൃഷിക്കാരെയും സ്ത്രീ-സ്വാശ്രയ ഗ്രൂപ്പിലെ അംഗങ്ങളെയും പ്രസിഡന്റ് കാണും. അതിനു ശേഷം ജവാംഗയിലെ അടല്‍ ബിഹാരി വാജ്‌പേയി എജ്യുക്കേഷന്‍ സിറ്റിയില്‍ സന്ദര്‍ശനം നടത്തുന്ന പ്രസിഡന്റ് സാക്ഷം സ്‌കൂള്‍, അഷ്ട വിദ്യാ മന്ദിര്‍ എന്നിവടങ്ങളിലെ കുട്ടികളെയും സന്ദര്‍ശിക്കും.