ജീവനെടുക്കുന്ന വിനോദം; ജെല്ലിക്കെട്ടില്‍ വീണ്ടും രണ്ട് മരണം, വമ്പന്‍ സമ്മാനവാഗ്ദാനങ്ങളുമായി രാഷ്ട്രീയക്കാര്‍

jellikettu

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജെല്ലിക്കെട്ടില്‍ വീണ്ടും മരണം. ജെല്ലിക്കെട്ട് കാണാനെത്തിയ രണ്ടു പേര്‍ മധുര ജില്ലയിലെ ശിവനഗ്‌നയിലാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞദിവസവും ഒരാള്‍ കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു.

പാലമേട്, സൂറിയൂര്‍ എന്നിവിടങ്ങളിലായി 1,500ഓളം കാളകളാണ് ജെല്ലിക്കെട്ടിനായി പങ്കെടുക്കുന്നത്. 150ല്‍ അധികം ജെല്ലിക്കെട്ട് മത്സരാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

അതേസമയം, മത്സരത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് വമ്പന്‍ സമ്മാനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പളനി സ്വാമിയും ഉപ മുഖ്യമന്ത്രി പനീര്‍ സെല്‍വവും പുതിയ കാര്‍ സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍.കെ നഗറില്‍ നിന്ന് മത്സരിച്ച് ജയിച്ച ടി.ടി.വി ദിനകരന്‍ സിംഗപ്പൂരിലേക്ക് സൗജന്യ വിമാന ടിക്കറ്റാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്വര്‍ണ മോതിരങ്ങളാണ് ഡി.എം.കെ നേതാവ് സ്റ്റാലിന്റെ വാഗ്ദാനം.

മൊത്തം 1,188 യുവാക്കളാണ് ജെല്ലിക്കെട്ട് മത്സരാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്തത്. ഓരോ മണിക്കൂറിലും 100 വീരന്‍മാരെ വീതം കളത്തിലിറക്കി നിശ്ചിതദൂരം കാളയുടെ മുതുകില്‍ പിടിച്ചുതൂങ്ങി പോയാല്‍ വിജയിയായി പ്രഖ്യാപിക്കും. ആര്‍ക്കും പിടികൊടുക്കാതെ കടന്നുപോകുന്ന കാളകളുടെ ഉടമകളാണ് സമ്മാനാര്‍ഹരാവുക.

Top