തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം: ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആല്‍ മരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേര്‍ മരിച്ചു. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കുട്ടനെല്ലൂര്‍ സ്വദേശി രമേശ്, പനയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുപത്തിയഞ്ചു പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ മെഡിക്കല്‍ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സി.ഐ ഉള്‍പ്പെടെ ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.

ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽ ശാഖ പൊട്ടി വീണ് പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്.പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊവി‍ഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Top