ഒമാനിലേക്ക് വരുന്ന 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി

മസ്‌ക്കത്ത്: വിദേശത്ത് നിന്ന് ഒമാനിലേക്ക് വരുന്ന 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. സെപ്തംബര്‍ ഒന്ന് മുതലാണ് തീരുമാനം പ്രാബല്ല്യത്തില്‍ വരിക. കര, കടല്‍, വ്യോമ അതിര്‍ത്തി വഴി ഒമാനിലേക്ക് വരുന്നവര്‍ക്കെല്ലാം ഇത് ബാധകമായിരിക്കും. ഒമാന്‍ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സെപ്തംബര്‍ ആദ്യം മുതല്‍ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

ഓക്‌സ്‌ഫേര്‍ഡ് ആസ്ട്രാസെനക്ക, ഫൈസര്‍, സ്പുട്‌നിക്ക്, സിനോവാക് വാക്‌സിനുകള്‍ക്കാണ് ഒമാനില്‍ അംഗീകാരമുള്ളത്. രാത്രികാല ലോക്ഡൗണ്‍ ശനിയാഴ്ച മുതല്‍ അവസാനിപ്പിക്കാനും ഷോപ്പിങ് മാളുകളിലും മറ്റും പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനും സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം ഇന്ത്യയും പാക്കിസ്താനുമടക്കം രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് സംബന്ധിച്ച് സുപ്രീം കമ്മിറ്റി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

Top