തൃശ്ശൂരില്‍ രണ്ടിടത്തായി രണ്ട് പേര്‍ കടലില്‍ മുങ്ങിമരിച്ചു; തിരച്ചില്‍ തുടരുന്നു

തൃശ്ശൂര്‍: ജില്ലയിലെ രണ്ടിടത്തായി രണ്ട് പേര്‍ കടലില്‍ മുങ്ങിമരിച്ചു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലും വാടാനപ്പള്ളി തളിക്കുളം തമ്പാന്‍ കടവിലുമാണ് അപകടമുണ്ടായത്.

ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ നാല് പേരെയാണ് കടലില്‍ കാണാതായത്. ഇവരില്‍ രണ്ട് പേരെ പിന്നീട് രക്ഷപ്പെടുത്തിയെങ്കിലും ഒരാള്‍ മരിച്ചിരുന്നു. ഇരട്ടപ്പുഴ ചക്കര ബാബുവിന്റെ മകന്‍ വിഷ്ണു(19) ആണ് മരിച്ചത്. കാണാതായ ഒരു കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ബീച്ചില്‍ കളിക്കുന്നതിനിടെ കടലില്‍ പോയ പന്ത് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ തിരയില്‍പ്പെട്ടത്. എല്ലാവരും സമീപവാസികളും കൂട്ടുകാരുമാണ്. വാടാനപ്പള്ളി തളിക്കുളംതമ്പാന്‍ കടവില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയാണ് മുങ്ങിമരിച്ചത്. വാടാനപ്പള്ളി സൗത്ത് ജുമാ മസ്ജിദിനു വടക്കുഭാഗം താമസിക്കുന്ന വലിയകത്ത് വീട്ടില്‍ മുജീബിന്റെ മകന്‍ അബ്ദുല്‍ ബാസിത്ത് (17) ആണ് മരിച്ചത്. വാടാനപ്പള്ളി ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

രാവിലെ 7 മണിയോടെ കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി തിരയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ മത്സ്യത്തൊഴിലാളികള്‍ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഏങ്ങണ്ടിയൂര്‍ എം ഐ ആശുപത്രിയില്‍. മാതാവ്: സബീന. സഹോദരങ്ങള്‍: കാസിം,ബാസിമ.

Top