തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഫ്‌ഐ കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അര്‍ധരാത്രി 12.30ഓടെ കോണ്‍ഗ്രസ് ഗുണ്ടാസംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടികൊല്ലപ്പെടുത്തിയത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കില്‍ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടില്‍ വെച്ച് ഇരുവരെയും കോണ്‍ഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിര്‍ത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പ്രദേശത്ത് ഏതാനും നാളുകളായി സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഡിവെഎഫ്‌ഐ നേതാവായ ഫൈസലിനെ തേമ്പാംമൂട് വെച്ച് കോണ്‍ഗ്രസ് ഗുണ്ടാസംഘം വെട്ടിപരുക്കേല്‍പ്പിച്ചിരുന്നു.

Top