കൊല്ലം: കൊല്ലം പരവൂര്‍ പോളച്ചിറയില്‍ അടുത്തടുത്തുള്ള വീടുകളിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെയും രണ്ട് മക്കളെയുമാണ് ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. പോളത്തൂര്‍ സ്വദേശിനി അര്‍ച്ചന(30), മക്കളായ അനു(10), പൊന്നു(എട്ട്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
പിന്നീട് 200 മീറ്റര്‍ അകലെയുള്ള മറ്റൊരു കുടുംബത്തിലെ മൂന്ന് പേരെ കൂടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രതീഷ്, ഭാര്യ ശരണ്യ, മകന്‍ യദു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നു രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ നിന്ന് ശബ്ദമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് സംഭവങ്ങളും ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.