ഹോണ്ടുറാസ്: ഹോണ്ടുറാസിന്റെ തലസ്ഥാനമായ ടെഗുസിഗാല്‍പയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏക വനിതാ ജയിലില്‍ കലാപം. കലാപത്തില്‍ 41 ഓളം സ്ത്രീ തടവുകാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രണാധീനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ ഏകദേശം 900 ത്തോളം സ്ത്രീ തടവുകാരെയാണ് പാര്‍പ്പിച്ചിരുന്നത്.
മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും കുപ്രസിദ്ധമായ രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കിടമത്സരമാണ് കലാപത്തിന് കാരണമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 18 -ാം സ്ട്രീറ്റ് ഗ്യാങ്ങും MS-13 ഗ്യാങ്ങും തമ്മിലുള്ള ശത്രുത പുരുഷ ജയിലുകളില്‍ നേരത്തെയും കലാപത്തിന് കാരണമായിരുന്നു. ഈ ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പക ആദ്യമായാണ് വനിതാ ജയിലിലേക്ക് പടരുന്നത്. കലാപത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരമനുസരിച്ച് ഒരു ഗ്യാങ്ങിലെ അംഗങ്ങള്‍ മറു ഗ്യാങ്ങിലെ അംഗങ്ങളെ കളിയാക്കുകയും ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
ജയിലിലെ കിടക്കകള്‍ക്ക് കലാപകാരികള്‍ തീയിട്ടുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗം പേരും തീപിടിത്തത്തില്‍ കൊല്ലപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, കലാപത്തിനിടെ ജയിലില്‍ വെടിവയ്പ്പും മറ്റ് ആയുധങ്ങളും പ്രയോഗിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓട്ടോമാറ്റിക് ആയുധങ്ങളും വെട്ടുകത്തികളും ജയിലിലേക്ക് തടവുകാര്‍ എങ്ങനെ കടത്തി എന്നറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണ്. ‘സ്ത്രീകളുടെ ക്രൂരമായ കൊലപാതകത്തില്‍ താന്‍ ഞെട്ടിപ്പോയിയെന്നും സംഭവത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും’ പ്രസിഡന്റ് സിയോമാര കാസ്ട്രോ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.
കലാപത്തെ തുടര്‍ന്ന് സുരക്ഷാ മന്ത്രി റാമോണ്‍ സബിലോണിനെ പിരിച്ചുവിട്ടു, പകരം ദേശീയ പോലീസ് സേനയുടെ തലവനായ ഗുസ്താവോ സാഞ്ചസിനെ നിയമിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വനിതാ ജയിലില്‍ നിന്ന് ചാരനിറത്തിലുള്ള പുക ഉയരുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിച്ചു. മരിച്ചവരില്‍ പലരും തീപിടുത്തത്തില്‍ നിന്ന് രക്ഷതേടി കുളിമുറിയില്‍ അഭയം തേടിയിരുന്നവരായിരുന്നെന്നും കത്തിക്കരിഞ്ഞ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.