ന്യൂഡല്‍ഹി: ഇന്ത്യക്കാരായ രണ്ടു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ യുക്രെയ്‌നില്‍ കുത്തേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശി പ്രണവ് ശാന്തിലിയ, ഗാസിയാബാദ് സ്വദേശി അങ്കുര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തായ ആഗ്ര സ്വദേശി ഇന്ദ്രജിത് സിംഗ് ചൗഹാനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുക്രെയ്‌നിലെ ഉഴ്‌ഗൊറോഡ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മൂവരും. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഇവര്‍ക്ക് കുത്തേറ്റതെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. പ്രണവ് ശാന്തിലിയ മൂന്നാം വര്‍ഷം വിദ്യാര്‍ഥിയും അങ്കുര്‍ സിംഗ് നാലാം വര്‍ഷ വിദ്യാര്‍ഥിയുമാണ്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുക്രെയ്ന്‍ പൗരന്മാരെ പോലീസ് പിടികൂടി. പരിക്കേറ്റ ചൗഹാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. യുക്രെയ്ന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്. മൂന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടും രേഖകളും ഇവരുടെ പക്കല്‍നിന്നു പിടിച്ചെടുത്തു.