ന്യൂഡല്‍ഹി: ബിഹാറിലും ഝാര്‍ഖണ്ഡിലുമായി ഒരേദിവസം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഹിന്ദിദിനപത്രമായ ഹിന്ദുസ്ഥാന്റെ ബ്യൂറോ ചീഫുമായ രാജ്‌ദേവ് രഞ്ജനാണ് ബിഹാറില്‍ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് ബിഹാറിലെ സിവാന്‍ ജില്ലയിലെ റയില്‍വെ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് രാജ്‌ദേവ് രഞ്ജന് ക്ലോസ് റേഞ്ചില്‍ നിന്നും അഞ്ച് തവണ വെടിയേറ്റത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് രാജ്‌ദേവ് രഞ്ജന് വെടിയേറ്റതെന്നും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലോസ് റേഞ്ചില്‍ നിന്ന് അഞ്ചുതവണ വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൊല നടത്തിയത് വിദഗ്ധരായ ഷൂട്ടര്‍മാരാണെന്നും പൊലീസ് സംശയിക്കുന്നു.
ഝാര്‍ഖണ്ഡിലെ ദവാരിയ ജില്ലയിലാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ടര്‍ അഖിലേഷ് പ്രതാപ് സിങ്ങാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം മരിച്ചുകിടക്കുന്ന നിലയില്‍ അഖിലേഷ് പ്രതാപ് സിങ്ങിനെ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഛത്ര നഗരത്തില്‍ ബന്ദ് നടത്തി. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് മുഖ്യമന്ത്രി രഘുബര്‍ദാസ് ഡി.ജി.പി ഡി.കെ. പാണ്ഡെക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.