ശീതള പാനീയമെന്ന് കരുതി ആസിഡ് കുടിച്ച രണ്ട് കുട്ടികള്‍ മരിച്ചു

ബെംഗളൂരു: ജന്മദിനാഘോഷത്തിനിടെ ശീതള പാനീയമെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച രണ്ട് കുട്ടികള്‍ മരിച്ചു.

ബെംഗളൂരു കെല്ലാരിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.

ഒമ്പതുവയസ്സുകാരായ ആര്യന്‍ സിങ്, സാഹില്‍ ശങ്കര്‍ എന്നിവരാണ് മരിച്ചത്.

പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ സുഹൃത്തുക്കളുടെ ദാരുണാന്ത്യം.

സ്വര്‍ണപ്പണിക്കാരനായ ശങ്കറിന്റെ മകന്‍ സാഹിലിന്റെ ഒമ്പതാം പിറന്നാള്‍ ആഘോഷത്തിന് ശേഷം സുഹൃത്ത് ആര്യനൊപ്പം ഭക്ഷണം കഴിക്കവെയാണ് ശീതളപാനീയമെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ചത്.

പൊളളലേറ്റ് നിലവിളിച്ച ഇരുവരെയും ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വര്‍ണപ്പണിക്കാരനായ ശങ്കര്‍ സ്വര്‍ണം ഉരുക്കുന്നതിന് വേണ്ടി കൊണ്ടുവച്ചതായിരുന്നു ആസിഡ്.

ഇത് അശ്രദ്ധമായി സൂക്ഷിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് പൊലീസ്‌ പറഞ്ഞു.

സഞ്ജയ് സിങ്, അഞ്ജു ദമ്പതികളുടെ മകനാണ് മരിച്ച ആര്യന്‍.

സിറ്റി മാര്‍ക്കറ്റ് പൊലീസ്‌ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Top