പാലക്കാട് തിരുവാഴിയോട് സ്വകാര്യ ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: തിരുവാഴിയോട് കല്ലട ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം സംഭവിച്ചത്. തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പകട സമയത്ത് 38 പേര്‍ ബസിലുണ്ടായിരുന്നു. ഇവരില്‍ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂര്‍ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാള്‍.

ചെര്‍പ്ലശേരിക്ക് അടുത്തുള്ള സ്ഥലമാണ് തിരുവാഴിയോട്. ഇവിടെ ഇറക്കത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസിനടിയില്‍ പെട്ടവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു. 20 മനിറ്റോളം മരിച്ച രണ്ടു പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്.

അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പെരുന്തല്‍മണ്ണയിലുമാണ് ഉള്ളത്.

Top