തിരുവനന്തപുരം: 2026 ഓടെ പുതിയതായി കേരളം ലക്ഷ്യമിടുന്നത് 15,000 സ്റ്റാര്‍ട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക്, ഇന്നൊവേഷന്‍ ടെക്നോളജി ലാബുകള്‍, ഇന്‍കുബേറ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് പരിഗണനയിലാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഹര്‍ഡില്‍ ഗ്ലോബല്‍ 2022 കോണ്‍ഫറന്‍സ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 2300 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷിച്ചത്. 2020-21ല്‍ മാത്രം 1900 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 2016ല്‍ കേരളത്തില്‍ 300 സ്റ്റാര്‍ട്ടപ്പുകളായിരുന്നെങ്കില്‍ 2021ല്‍ എണ്ണം 3900 ആയതായി മുഖ്യമന്ത്രി പറഞ്ഞു.
35000 പേര്‍ ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യുന്നു. ഗൂഗിള്‍, ഹാബിറ്റാറ്റ്, ജെട്രോ, നാസ്‌കോം, ഗ്ളോബല്‍ ആക്സിലറേറ്റര്‍ നെറ്റ്വര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളും ഏജന്‍സികളുമായുള്ള കരാറുകളും എം. ഒ. യുകളും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് പരിതസ്ഥിതിയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ മലയാളികളുടെ സാരഥ്യത്തില്‍ ആദ്യത്തെ യൂണികോണ്‍ കമ്പനി ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിലൂടെ 200 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലു ലക്ഷം ചതുരശ്ര അടിയുള്ള കൊച്ചിയിലെ ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇടമാണ്. ഇതിനു സമാനമായി എമര്‍ജിങ് ടെക്നോളജി കേന്ദ്രീകൃതമായ ഒരു കാമ്പസ് തിരുവനന്തപുരത്ത് ആലോചിക്കുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അഞ്ചുലക്ഷം ചതുരശ്ര അടി ഇന്‍കുബേഷന്‍ സൗകര്യം കേരളത്തില്‍ ലഭ്യമാണ്. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഐ. ടി പാര്‍ക്കുകളെയും സ്റ്റാര്‍ട്ട്പ്പുകളെയും ബന്ധിപ്പിച്ച് നോളജ് ചെയിന്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.