ദിമഹസാവോ- നാഗാലാന്‍ഡ് ലയനം: ആസാമില്‍ പൊലീസ് വെടിവെപ്പിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു

mybang

ദിസ്പൂര്‍: ആസാമിലെ ദിമ ഹസാവോ ജില്ലയെ നാഗാലാന്‍ഡില്‍ ലയിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ദിമാസ എന്ന ഗോത്രവിഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തെ നാഗലാന്‍ഡിന്റെ ഭാഗമാക്കുമെന്ന വാര്‍ത്തകള്‍ വന്നതു മുതല്‍ ഇവിടെ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിനെതിരെ ദിമ ഹസാവോയില്‍ കഴിഞ്ഞ ദിവസം 12 മണിക്കൂര്‍ ബന്ദ് ആചരിച്ചിരുന്നു. ഇതിനിടയിലാണ് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. മൈബോംഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ചുണ്ടായ സംഘര്‍ഷത്തനിടെ പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ത്തത്.

വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും വ്യാഴാഴ്ച രാത്രിയോടെ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് വെടിയേറ്റ രണ്ടാമന്‍ മരിച്ചത്. പോലീസ് ഏറെനേരം സംയമനം പാലിച്ചിരുന്നുവെന്നും സാഹചര്യം നിയന്ത്രണാതീതമാണെന്ന് വ്യക്തമായപ്പോള്‍ വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം.

Top