കണ്ണൂര്‍: ആലക്കോട് ടൗണില്‍ മദ്ധ്യവയസ്‌കനെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട്ടെ ലോറി ഡ്രൈവര്‍ പുതിയപുരയില്‍ രാജു (53), ആലക്കോട് ലിങ്ക് റോഡില്‍ ലോട്ടറി വ്യാപാരി രയറോം കാക്കടവിലെ പ്ലാവലകത്ത് കണ്ണന്‍ (32) എന്നിവരെയാണ് കൊട്ടാരം റോഡിലെ കടമുറിക്ക് പിറകുവശത്തുള്ള മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണന്‍ തിരുവനന്തപുരം സ്വദേശിയാണ്. രാജു വാടകയ്‌ക്കെടുത്ത മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.
ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. സുഹൃത്തുക്കളായ ഇരുവരും രോഗബാധയെ തുടര്‍ന്നുള്ള നിരാശയില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. വെളുപ്പിന് ഒന്നരയോടെ ഇരുവരും മൊബൈല്‍ ഫോണില്‍ സുഹൃത്തുക്കളെ വിളിച്ച് ഞങ്ങള്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇവരെ തിരഞ്ഞെത്തിയപ്പോള്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ണന്‍ കരള്‍ രോഗം ബാധിച്ച് ഏറെകാലമായി ചികിത്സയിലായിരുന്നു. രാജു കഴിഞ്ഞ ദിവസം പല്ല് വേദനയെ തുടര്‍ന്ന് ദന്ത ഡോക്ടരുടെ അടുത്തെത്തി പല്ല് പറിച്ചെങ്കിലും വേദനമാറാതിരുന്നതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലെത്തി പരിശോധിച്ചപ്പോള്‍ കാന്‍സര്‍ രോഗത്തിന്റെ ലക്ഷണം കണ്ടെത്തിയതായി പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നുള്ള മാനസിക വിഷമമാണ് സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് ജീവനൊടുക്കാന്‍ കാരണമെന്ന് കരുതുന്നു. തിരുവനന്തപുരം സ്വദേശിയായ കണ്ണന്‍ അഞ്ചു വര്‍ഷം മുമ്പാണ് കാക്കടവിലെത്തിയത്. പരേതനായ മുരുകന്റെയും ശ്യാമളയുടെയും മകനാണ്. അവിവാഹിതനാണ്. ഏറെക്കാലമായി ടൗണില്‍ ലോറി ഡ്രൈവറായി ജോലിചെയ്ത് വരുന്ന രാജു ഭാര്യ വത്സല മരിച്ചതിനെ തുടര്‍ന്ന് മിക്കപ്പോഴും ടൗണിലെ വാടക മുറിയിലാണ് കഴിഞ്ഞിരുന്നത്. മക്കള്‍: ശ്രീലക്ഷ്മി, അരവിന്ദന്‍. മരുമകന്‍: മനോജ് (കോഴിക്കോട്). വിവരമറിഞ്ഞ് ആലക്കോട് സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.