ഐ.എന്‍എസ് വിക്രാന്തിലെ മോഷണം; രാജസ്ഥാൻ, ബിഹാർ സ്വദേശികൾ പിടിയിൽ

കൊച്ചി: നാവികസേന കപ്പലായ ഐ.എന്‍എസ് വിക്രാന്തില്‍ നിന്നു ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍.ദേശീയ അന്വേഷണ ഏജന്‍സിയാണ് രാജസ്ഥാന്‍, ബിഹാര്‍ സ്വദേശികളായ രണ്ടു പേരെ ബിഹാറില്‍ നിന്ന് പിടികൂടിയത്.

ഇവരില്‍ നിന്നും കാണാതായ ഹാര്‍ഡ് ഡിസ്‌കിന്റെ കുറച്ചു ഭാഗങ്ങള്‍ കണ്ടെടുത്തു. ഇരുവരുമായി എന്‍ഐഎ ഇരുസംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തി വരികയാണ്.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇവര്‍ കപ്പലില്‍ പെയിന്റിങ് ജോലി ചെയ്തിരുന്നവരാണ് എന്നാണ് വിവരം.കരാറുകാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരെയും ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വര്‍ഷമാണ് മോഷണം നടന്നത്.അഞ്ചു വീതം മൈക്രോ പ്രോസസറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, റാമുകള്‍ എന്നിവയാണു മോഷണം പോയത്. കേബിളുകളും കോളിങ് സ്റ്റേഷന്‍ അടക്കമുള്ള മറ്റു ചില ഉപകരണങ്ങളും മോഷണം പോയിരുന്നു. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം (ഐപിഎംഎസ്) എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണു മോഷ്ടിക്കപ്പെട്ടത്. 2019 സെപ്റ്റംബര്‍ 14 നാണു കപ്പല്‍ശാല അധികൃതര്‍ പരാതി നല്‍കിയത്.നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ നിന്നും വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ അന്വേഷണം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലിക്ക് വരുന്ന എല്ലാവരുടേയും വിരലടയാളം ഇവിടെ ശേഖരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ 5000-ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇപ്പോള്‍ പിടിയിലായ രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികളിലേക്ക് എന്‍ഐഎ എത്തിയത്.

ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായത് യുദ്ധക്കപ്പലില്‍ നിന്നായതുകൊണ്ടുതന്നെ ഇതിലെ രേഖകള്‍ പ്രധാനപ്പെട്ടതാണ്. അവയിലേതെങ്കിലും നഷ്ടമായിട്ടുണ്ടോ, കൈമാറ്റം ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളില്‍ എന്‍ഐഎ വരുംദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തും.

Top