ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറില്‍ കേരള തീരത്തിനടുത്തായി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ശക്തമായ കാറ്റിനും കടലാക്രമണത്തിനുമുള്ള സാധ്യതയുണ്ടെന്നും, ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്.
അതേസമയം,മധ്യ-പശ്ചിമ അറബിക്കടലില്‍ രൂപംകൊണ്ടിരിക്കുന്ന ന്യൂനമര്‍ദം കേരളത്തിലെ കാലാവസ്ഥയെ ബാധിക്കാനിടയില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇത് ഒമാനിലെ സലാലയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണുള്ളത്.
യമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ശക്തമായ ന്യൂനമര്‍ദം ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 17.3°N അക്ഷാംശത്തിലും 54.2°E രേഖാംശത്തിലുമാണ്.കൂടുതല്‍ ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദമായി മാറിക്കൊണ്ട് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ന്യൂനമര്‍ദം കേരളത്തിലെ കാലാവസ്ഥയെ ബാധിക്കാനിടയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.