രണ്‍ജീത് വധക്കേസില്‍ മുഖ്യപ്രതികളില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ മുഖ്യപ്രതികളില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കേസില്‍ ഇതുവരെ 16 പേരാണ് പിടിയിലായത്. മുഖ്യപ്രതികള്‍ അടക്കം ഇനിയും കൂടുതല്‍ പേര്‍ പിടിയിലാകാനുമുണ്ട്. കേസില്‍ 25 ലേറെ പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രണ്‍ജീത്തിനെ കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രണ്‍ജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രണ്‍ജീത് ശ്രീനിവാസന്‍.

എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പകരമായാണ് രണ്‍ജീത്തിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന സൂചനയെ തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Top