ന്യൂഡല്‍ഹി: വധശിക്ഷക്കെതിരായ രണ്ട് ദയാഹര്‍ജികള്‍ കൂടി തള്ളി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇതോടെ അദ്ദേഹത്തിന്റെ കാലയളവില്‍ തള്ളിയ ദയാഹര്‍ജികളുടെ എണ്ണം 33 ആയി.
മേയ് അവസാനമാണ് രണ്ടു ഹര്‍ജികളും തള്ളിയതെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാഷ്ട്രപതി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാകാന്‍ ഇനി ഒരു മാസം മാത്രം ആണ് ഇനി അദ്ദേഹത്തിന് അവശേഷിക്കുന്നത്.
2012-ല്‍ ഇന്‍ഡോറില്‍ നാലു വയസുള്ള ബാലികയെ മൂന്ന് പേര്‍ കൂട്ടമാനഭംഗത്തിന് ശേഷം കൊലപ്പെടുത്തിയ കേസിലെയും പൂനയിലെ യുവതിയെ കാര്‍ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെയും ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് രണ്ട് കേസുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ ദയാഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ഇന്‍ഡോര്‍ കേസില്‍ പ്രതികളായ ബാബു എന്ന കേതന്‍(26), ജിതേന്ദ്ര എന്ന ജിത്തു(24), സണ്ണി (26) എന്നിവരാണു ദയാഹര്‍ജി നല്‍കിയത്. നാലു വയസുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ഓടയില്‍ തള്ളുകയായിരുന്നു.
പൂനെയില്‍ ടെക്കി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് 2007ലാണ്. സംഭവത്തില്‍ കാര്‍ ഡ്രൈവറായ പുരുഷോത്തം ദശരത് ബൊറാതെ, പ്രദീപ് യശ്വന്ത് കൊക്കഡെ എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ദയാഹര്‍ജി നല്‍കിയത്.