റാഞ്ചി: ജാർഖണ്ഡിലെ രണ്ട് മന്ത്രിമാർ കൂടി റായ്പൂരിലെ റിസോർട്ടിലെത്തി. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രി ബന്ന ഗുപ്തയും കൃഷിമന്ത്രി ബാദൽ പത്രലേഖും റായ്പൂരിലെത്തിയത്. നിയമസഭയിലെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംഎൽഎമാരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ സെപ്റ്റംബർ 5 ന് മുമ്പ് റാഞ്ചിയിലേക്ക് മടങ്ങുമെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ജാർഖണ്ഡിൽ തന്നെയാണ് ഇപ്പോഴും എന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ഭരണകക്ഷി എംഎൽഎമാരെ കൂട്ടത്തോടെ ഛത്തീസ്ഗഢ് തലസ്ഥാന നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം), കോൺഗ്രസ്, ആർജെഡി എംഎൽഎമാരെയാണ് ഹോട്ടലിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ജാർഖണ്ഡ് ഗവർണറെ അഭിപ്രായം അറിയിച്ചതിന് പിന്നാലെയാണ് നിർണായക നീക്കം.
സ്വന്തം പേരിൽ ഖനന ഭൂമി അനുവദിച്ചതാണ് മുഖ്യമന്ത്രി സോറനെ കുടുക്കിയത്. സ്വയം ലാഭം നേടാൻ ഓഫീസ് കൈവശം വെച്ചുവെന്ന ആരോപണത്തിൽ പ്രതിപക്ഷമായ ബിജെപിയാണ് പരാതി നൽകിയത്. സർക്കാർ കരാറുകൾ സംബന്ധിച്ച 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 9(എ) വകുപ്പ് ലംഘിച്ചതിന് മുഖ്യമന്ത്രിയെ അയോഗ്യനാക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രി സ്വന്തം പേരിൽ സ്റ്റോൺ ചിപ്‌സ് ഖനി അനുവദിച്ച നടപടിയാണ് ആരോപണവിധേയമായത്. തുടർന്ന് ഈ പരാതിയിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനത്തിന്റെ പേരിലാണ് കമ്മീഷൻ ഗവർണ്ണർ രമേഷ് ബയ്‌സിനെ നിലപാടറിയിച്ചത്.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ഭരണസഖ്യത്തിന് 49 എംഎൽഎമാരാണുള്ളത്. ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ ജെഎംഎമ്മിന് 30 എംഎൽഎമാരും കോൺഗ്രസിന് 18 എംഎൽഎമാരും ആർജെഡിക്ക് ഒരാളുമാണുള്ളത്. പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎൽഎമാരാണ് സഭയിലുള്ളത്.